Wednesday, October 28, 2009

ഉപ്പുമരി

അടുക്കളയില്‍ ഉപ്പ് സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന മരപ്പാത്രമാണ് ആണ് ഉപ്പുമരി. അടപ്പുള്ളതും അടപ്പില്ലാത്തതുമായി രണ്ട് വിധത്തില്‍ ഇവ നിര്‍മ്മിക്കാറുണ്ട്.
അറുപത് വര്‍ഷത്തിലധികം പഴക്കമുള്ള ഉപ്പുമരിയാണ് ചിത്രത്തില്‍ കാണുന്നത്.

കട്ടക്കുട്ടി/കട്ടക്കോയി


കട്ടക്കുട്ടി , കട്ടക്കോയി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഈ ഉപകരണം വയലുകളിലെ മണ്‍കട്ടകള്‍ തല്ലിയുടക്കാനാണ് ഉപയോഗിക്കുന്നത്. ചുറ്റികയോട് സാമ്യമുള്ള തരത്തിലാണ് ഇതിന്റെ നിര്‍മ്മിതി. രണ്ടാം വിളയ്ക്ക് ശേഷം വയല്‍ തൂമ്പ/കൈക്കോട്ട് ഉപയോഗിച്ച് കിളച്ചോ ഉഴുതോ ഉണ്ടാവുന്ന വലിയ മണ്‍കട്ടകള്‍ കട്ടക്കുട്ടി ഉപയോഗിച്ച് ഉടച്ചതിനു ശേഷമാണ് നെല്ല്, മുതിര, ഉഴുന്ന്, എള്ള് , വെള്ളരി തുടങ്ങിയ കൃഷിക്ക് നിലമൊരുക്കുന്നത്.

മരം കൊണ്ടാണ് കട്ടക്കുട്ടി ഉണ്ടാക്കിയിരിക്കുന്നത്. കട്ട തല്ലുന്ന ഭാഗം പ്ലാവ് പോലുള്ള കട്ടിയുള്ള മരം കൊണ്ടും നീളമുള്ള പിടി മുളയോ കാഞ്ഞിരമോ കൊണ്ടും നിര്‍മ്മിക്കുന്നു.

യന്ത്രങ്ങള്‍ ഉപയോഗിച്ച് നിലം ഉഴുന്നതിലാല്‍ ഇക്കാലത്ത് കട്ടക്കുട്ടി വയലുകളില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു...

ചിത്രത്തില്‍ കാണുന്ന കട്ടക്കുട്ടിക്ക് കടപ്പാട് : മണിയേച്ചി.

Tuesday, October 27, 2009

തെരിയ



മണ്‍ ചട്ടി, കലം തുടങ്ങിയ പാത്രങ്ങള്‍ നിലത്ത് ചെരിഞ്ഞുപോകാതെ വയ്ക്കാന്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന ഉപകരണം ആണ് തെരിയ. സാധാരണ വൈക്കോല്‍ , ചൂടിക്കയര്‍ , കവുങ്ങിന്‍ പട്ട തുടങ്ങിയവ ഉപയോഗിച്ച് വിവിധതരം തെരിയകള്‍ നിര്‍മ്മിക്കാറുണ്ട്. ഇത്തരം തെരിയകള്‍ വര്‍ഷങ്ങളോളം ഈട് നില്‍ക്കാറുണ്ട്. ചിത്രത്തില്‍ കാണുന്നത് പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ചൂടിക്കയറും വൈക്കോലും ഉപയോഗിച്ച് നിര്‍മ്മിച്ച തെരിയയാണ്. താല്‍കാലിക ആവശ്യങ്ങള്‍ക്കായി ഉണങ്ങിയ വാഴയിലകൊണ്ടും തെരിയകള്‍ ഉണ്ടാക്കാറുണ്ട്.