Showing posts with label വയല്‍. Show all posts
Showing posts with label വയല്‍. Show all posts

Monday, November 16, 2009

ബരൂള്‍



ബരൂള്‍
തൂമ്പ അഥവാ കൈക്കോട്ടുമായി വളരെ സാമ്യമുള്ള ഈ കൃഷി ഉപകരണം പുനം കൃഷിയില്‍ ധാന്യങ്ങള്‍ 'നുരി' വെക്കാനാണ് കൂടുതലായി ഉപയോഗിച്ചിരുന്നത്. വയലില്‍ നുരിവെയ്ക്കാനും പച്ചക്കറിയുടെ കടയിളക്കലുമാണ് ബെരൂളിന്റെ മറ്റു ഉപയോഗങ്ങള്‍ .ഈ ഉപകരണത്തിന്റെ മണ്ണ് കിളക്കാനുള്ള ഭാഗം ലോഹം ( ഇരുമ്പ് ) കൊണ്ടും നീളമുള്ള പിടി മരം കൊണ്ടും നിര്‍മ്മിക്കുന്നു

Tuesday, November 3, 2009

പറ




നെല്ല് അളക്കാനുള്ള ഉപകരണമാണ് പറ. ഇത് വിവിധ അളവുകളില്‍ നിര്‍മിക്കാറുണ്ട് .നാഴിയാണ് പറയുടെ വലുപ്പത്തിന്റെ അളവുകോല്‍.സാധാരണയായി അഞ്ച്‌ അല്ലെങ്ങില്‍ ഏഴു നാഴി അളവുകളില്‍ പറകള്‍ നിര്‍മ്മിച്ച് കാണപ്പെടുന്നു . ചിത്രത്തില്‍ കാണുന്ന പറയുടെ അളവ് ഏഴ് നാഴി ആണ് .നെല്‍കൃഷി നാശോന്മുഖമായി കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍, പറയുടെ സാന്നിധ്യം വിവാഹം പോലുള്ള ചടങ്ങുകളില്‍ മാത്രമായി ഒതുങ്ങിക്കൊണ്ടിരിക്കുന്നു. മരമാണ് പറയുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന പ്രധാന അസംസ്കൃത വസ്തു. ലോഹ ഭാഗങ്ങള്‍ (പിടി , അരികുകള്‍ എന്നിവ ) പിച്ചള അല്ലെങ്കില്‍ ഇരുമ്പ് കൊണ്ടും നിര്‍മ്മിക്കുന്നു.

Wednesday, October 28, 2009

കട്ടക്കുട്ടി/കട്ടക്കോയി


കട്ടക്കുട്ടി , കട്ടക്കോയി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഈ ഉപകരണം വയലുകളിലെ മണ്‍കട്ടകള്‍ തല്ലിയുടക്കാനാണ് ഉപയോഗിക്കുന്നത്. ചുറ്റികയോട് സാമ്യമുള്ള തരത്തിലാണ് ഇതിന്റെ നിര്‍മ്മിതി. രണ്ടാം വിളയ്ക്ക് ശേഷം വയല്‍ തൂമ്പ/കൈക്കോട്ട് ഉപയോഗിച്ച് കിളച്ചോ ഉഴുതോ ഉണ്ടാവുന്ന വലിയ മണ്‍കട്ടകള്‍ കട്ടക്കുട്ടി ഉപയോഗിച്ച് ഉടച്ചതിനു ശേഷമാണ് നെല്ല്, മുതിര, ഉഴുന്ന്, എള്ള് , വെള്ളരി തുടങ്ങിയ കൃഷിക്ക് നിലമൊരുക്കുന്നത്.

മരം കൊണ്ടാണ് കട്ടക്കുട്ടി ഉണ്ടാക്കിയിരിക്കുന്നത്. കട്ട തല്ലുന്ന ഭാഗം പ്ലാവ് പോലുള്ള കട്ടിയുള്ള മരം കൊണ്ടും നീളമുള്ള പിടി മുളയോ കാഞ്ഞിരമോ കൊണ്ടും നിര്‍മ്മിക്കുന്നു.

യന്ത്രങ്ങള്‍ ഉപയോഗിച്ച് നിലം ഉഴുന്നതിലാല്‍ ഇക്കാലത്ത് കട്ടക്കുട്ടി വയലുകളില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു...

ചിത്രത്തില്‍ കാണുന്ന കട്ടക്കുട്ടിക്ക് കടപ്പാട് : മണിയേച്ചി.