Monday, November 16, 2009

കിണ്ണം



അടുക്കളയില്‍ അരി കഴുകാനും ഭക്ഷണം കഴിക്കാനുംഉപയോഗിക്കുന്ന പാത്രമാണ് കിണ്ണം. ഓട് ഉപയോഗിച്ചാണ്‌ കിണ്ണം നിര്‍മിക്കാറുള്ളത്. ചിത്രത്തില്‍ കാണുന്നപോലെ പല വലുപ്പത്തില്‍ കിണ്ണം നിര്‍മിച്ചു കാണപ്പെടുന്നു.

ബരൂള്‍



ബരൂള്‍
തൂമ്പ അഥവാ കൈക്കോട്ടുമായി വളരെ സാമ്യമുള്ള ഈ കൃഷി ഉപകരണം പുനം കൃഷിയില്‍ ധാന്യങ്ങള്‍ 'നുരി' വെക്കാനാണ് കൂടുതലായി ഉപയോഗിച്ചിരുന്നത്. വയലില്‍ നുരിവെയ്ക്കാനും പച്ചക്കറിയുടെ കടയിളക്കലുമാണ് ബെരൂളിന്റെ മറ്റു ഉപയോഗങ്ങള്‍ .ഈ ഉപകരണത്തിന്റെ മണ്ണ് കിളക്കാനുള്ള ഭാഗം ലോഹം ( ഇരുമ്പ് ) കൊണ്ടും നീളമുള്ള പിടി മരം കൊണ്ടും നിര്‍മ്മിക്കുന്നു

Monday, November 9, 2009

ചെല്ലം



വെറ്റില മുറുക്കിനുള്ള സാധനങ്ങള്‍ ആയ വെറ്റില,അടയ്ക്ക,പുകയില എന്നിവ സൂക്ഷിച്ചു വെക്കാനുള്ള പെട്ടിയാണ് ചെല്ലം.ഇത് പിച്ചള,ഓട് എന്നിവ കൊണ്ട് നിര്‍മിക്കുന്നു.താഴ് ഉള്ളതും ഇല്ലാത്തതുമായി ചെല്ലം നിര്‍മ്മിച്ച് കാണുന്നു.ചിത്രത്തില്‍ കാണുന്നത് അമ്പതു വര്‍ഷത്തിലധികം പഴക്കമുള്ള ചെല്ലമാണ് .

Wednesday, November 4, 2009

അണ്ടിക്കൊട്ട



കശുമാവിന്‍ തോട്ടത്തില്‍ നിന്നും കശുവണ്ടി ശേഖരിക്കാനാണ് അണ്ടിക്കൊട്ട ഉപയോഗിക്കുന്നത്.ഈറ്റ അല്ലെങ്ങില്‍ മുള ഉപയോഗിച്ചാണ് അണ്ടിക്കൊട്ട നിര്‍മിക്കാറുള്ളത്. കൂടുതല്‍ കാലം ഈടുനില്കാന്‍ വേണ്ടി അണ്ടിക്കൊട്ട ചൂടിക്കയര്‍ കൊണ്ട് 'വരി'ഞ്ഞു ഉപയോഗിക്കുനത് കണ്ടിട്ടുണ്ട് (വശങ്ങളിലും പിടിയിലും ചൂടിക്കയര്‍ കൊണ്ട് കെട്ടി വരിയുന്നതിനെ 'കൊട്ട വരിയുക'എന്ന് വിളിക്കുന്നു)

Tuesday, November 3, 2009

പറ




നെല്ല് അളക്കാനുള്ള ഉപകരണമാണ് പറ. ഇത് വിവിധ അളവുകളില്‍ നിര്‍മിക്കാറുണ്ട് .നാഴിയാണ് പറയുടെ വലുപ്പത്തിന്റെ അളവുകോല്‍.സാധാരണയായി അഞ്ച്‌ അല്ലെങ്ങില്‍ ഏഴു നാഴി അളവുകളില്‍ പറകള്‍ നിര്‍മ്മിച്ച് കാണപ്പെടുന്നു . ചിത്രത്തില്‍ കാണുന്ന പറയുടെ അളവ് ഏഴ് നാഴി ആണ് .നെല്‍കൃഷി നാശോന്മുഖമായി കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍, പറയുടെ സാന്നിധ്യം വിവാഹം പോലുള്ള ചടങ്ങുകളില്‍ മാത്രമായി ഒതുങ്ങിക്കൊണ്ടിരിക്കുന്നു. മരമാണ് പറയുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന പ്രധാന അസംസ്കൃത വസ്തു. ലോഹ ഭാഗങ്ങള്‍ (പിടി , അരികുകള്‍ എന്നിവ ) പിച്ചള അല്ലെങ്കില്‍ ഇരുമ്പ് കൊണ്ടും നിര്‍മ്മിക്കുന്നു.

Sunday, November 1, 2009

ചെരപ്പ

വീടുകളില്‍ പച്ചക്കറി വിത്ത് സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു പാത്രമാണ് ചെരപ്പ. ഇതിൽ വിത്തുകള്‍ നിക്ഷേപിച്ചു മണ്ണുകൊണ്ട് ഭദ്രമായി അടച്ചു വെച്ച് കഴിഞ്ഞാല്‍ , കീടങ്ങളുടെ ശല്യമില്ലാതെ വളരെ കാലത്തോളം വിത്തുകൾ സൂക്ഷിച്ചു വയ്ക്കാം. ചുരങ്ങ എന്ന പച്ചക്കറി കൊണ്ടാണ് ചെരപ്പ നിര്‍മ്മിക്കുന്നത്. നന്നായി മൂപ്പെത്തിയ ചുരങ്ങയുടെ ഉള്ള് നീക്കം ചെയ്ത് ഉണക്കിയെടുത്താണ് ഈ പാത്രം ഉണ്ടാക്കുന്നത്. ഇളം ചുരങ്ങ കറിവയ്ക്കാന്‍ ഉപയോഗിക്കുമെങ്കിലും, മൂപ്പെത്തിയ ചുരങ്ങ അതിന്റെ കട്ടിയുള്ള പുറന്തോട് കാരണം ഭക്ഷ്യയോഗ്യമല്ല. കള്ള് ചെത്തുകാര്‍ തെങ്ങില്‍ നിന്ന് കള്ള് ശേഖരിക്കാനും ചെരപ്പ ഉപയോഗിക്കാറുണ്ട്. പ്ലാസ്റ്റിക്ക് പാത്രങ്ങളുടെ വരവോടെ ചെരപ്പ ഒരു അപൂര്‍വ കാഴ്ചയായി മാറിക്കൊണ്ടിരിക്കുന്നു

Wednesday, October 28, 2009

ഉപ്പുമരി

അടുക്കളയില്‍ ഉപ്പ് സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന മരപ്പാത്രമാണ് ആണ് ഉപ്പുമരി. അടപ്പുള്ളതും അടപ്പില്ലാത്തതുമായി രണ്ട് വിധത്തില്‍ ഇവ നിര്‍മ്മിക്കാറുണ്ട്.
അറുപത് വര്‍ഷത്തിലധികം പഴക്കമുള്ള ഉപ്പുമരിയാണ് ചിത്രത്തില്‍ കാണുന്നത്.

കട്ടക്കുട്ടി/കട്ടക്കോയി


കട്ടക്കുട്ടി , കട്ടക്കോയി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഈ ഉപകരണം വയലുകളിലെ മണ്‍കട്ടകള്‍ തല്ലിയുടക്കാനാണ് ഉപയോഗിക്കുന്നത്. ചുറ്റികയോട് സാമ്യമുള്ള തരത്തിലാണ് ഇതിന്റെ നിര്‍മ്മിതി. രണ്ടാം വിളയ്ക്ക് ശേഷം വയല്‍ തൂമ്പ/കൈക്കോട്ട് ഉപയോഗിച്ച് കിളച്ചോ ഉഴുതോ ഉണ്ടാവുന്ന വലിയ മണ്‍കട്ടകള്‍ കട്ടക്കുട്ടി ഉപയോഗിച്ച് ഉടച്ചതിനു ശേഷമാണ് നെല്ല്, മുതിര, ഉഴുന്ന്, എള്ള് , വെള്ളരി തുടങ്ങിയ കൃഷിക്ക് നിലമൊരുക്കുന്നത്.

മരം കൊണ്ടാണ് കട്ടക്കുട്ടി ഉണ്ടാക്കിയിരിക്കുന്നത്. കട്ട തല്ലുന്ന ഭാഗം പ്ലാവ് പോലുള്ള കട്ടിയുള്ള മരം കൊണ്ടും നീളമുള്ള പിടി മുളയോ കാഞ്ഞിരമോ കൊണ്ടും നിര്‍മ്മിക്കുന്നു.

യന്ത്രങ്ങള്‍ ഉപയോഗിച്ച് നിലം ഉഴുന്നതിലാല്‍ ഇക്കാലത്ത് കട്ടക്കുട്ടി വയലുകളില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു...

ചിത്രത്തില്‍ കാണുന്ന കട്ടക്കുട്ടിക്ക് കടപ്പാട് : മണിയേച്ചി.

Tuesday, October 27, 2009

തെരിയ



മണ്‍ ചട്ടി, കലം തുടങ്ങിയ പാത്രങ്ങള്‍ നിലത്ത് ചെരിഞ്ഞുപോകാതെ വയ്ക്കാന്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന ഉപകരണം ആണ് തെരിയ. സാധാരണ വൈക്കോല്‍ , ചൂടിക്കയര്‍ , കവുങ്ങിന്‍ പട്ട തുടങ്ങിയവ ഉപയോഗിച്ച് വിവിധതരം തെരിയകള്‍ നിര്‍മ്മിക്കാറുണ്ട്. ഇത്തരം തെരിയകള്‍ വര്‍ഷങ്ങളോളം ഈട് നില്‍ക്കാറുണ്ട്. ചിത്രത്തില്‍ കാണുന്നത് പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ചൂടിക്കയറും വൈക്കോലും ഉപയോഗിച്ച് നിര്‍മ്മിച്ച തെരിയയാണ്. താല്‍കാലിക ആവശ്യങ്ങള്‍ക്കായി ഉണങ്ങിയ വാഴയിലകൊണ്ടും തെരിയകള്‍ ഉണ്ടാക്കാറുണ്ട്.